ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചത് എഡിജിപി എം.ആർ.അജിത് കുമാറെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
കേസ് അട്ടിമറിക്കാന്‍ എം.ആർ അജിത് കുമാർ ശ്രമിച്ചു. കേസ് ഡയറി തിരുത്താന്‍ നിര്‍ദേശം നല്കി. റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗണ്മാന്മാരുടെ മര്‍ദ്ദനം ചട്ടവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന റിപ്പോർട്ട് ആണ് തിരുത്തിയത്. 2024 ഓഗസ്റ്റിലാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത്. അട്ടിമറിയുടെ തെളിവുകള്‍ സഹിതം പുതിയ അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി സമര്‍പ്പിക്കും. മുന്‍ ആലപ്പുഴ എസ്പി നല്കിയ റിപ്പോര്‍ട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവച്ചതായും പുതിയ അന്വേഷണത്തില്‍ കണ്ടെത്തിരുന്നു.
അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും. ആലപ്പുഴ എംഎൽഎ എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജോയൽ കുര്യാക്കോസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സംഭവത്തിൽ ഗൺമാന്മാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.